തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയവും പാർട്ടി ദേശീയ സെക്രട്ടറിയേറ്റിലേക്കുള്ള നാമനിർദ്ദേശവുമെല്ലാം കേരളത്തിലെ സിപിഐയിൽ വലിയ തർക്കങ്ങൾക്കാണ് വഴിയൊരുക്കിയത്. കാനം രാജേന്ദ്രന്റെ കാലത്ത് ആരംഭിച്ച വിഭാഗീയത ബിനോയ് വിശ്വവും തുടരുകയാണെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്.
സംസ്ഥാനത്തെ പല ജില്ലകളിലും ശക്തരായ നേതാക്കളുടെ നേതൃത്വത്തിലോ ശക്തരായ നേതാക്കളുടെ സമ്മതത്തോടെയോ സമാന്തര പ്രവർത്തനങ്ങളും സജീവമാണ്. പല ജില്ലകളിലും വിമത നീക്കം ശക്തമായതോടെ ജില്ലാ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകി പാർട്ടി തകരാതെ നോക്കാനാണ് സിപിഐ ഇപ്പോൾ ശ്രമിക്കുന്നത്.
കേന്ദ്രീകൃത ജനാധിപത്യം പിന്തുടരുന്ന സിപിഐയിൽ സംസ്ഥാന സെക്രട്ടറിക്ക് സവിശേഷ അധികാരങ്ങളുണ്ട്. എന്നാൽ, കാനം രാജേന്ദ്രനും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സെക്രട്ടറിയായ ബിനോയ് വിശ്വവും ഈ സവിശേഷ അധികാരങ്ങൾ ഉപയോഗിക്കുന്നത് തങ്ങൾക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ രാഷ്ട്രീയമായി നശിപ്പിക്കാനാണ് എന്നാണ് ആരോപണം.
സിപിഐയുടെ പലജില്ലാ കമ്മിറ്റികളിലും വിമതനീക്കം ശക്തമാണ്. പാലക്കാട് സമാന്തര കമ്മിറ്റി നിലവിൽവന്നു. മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തർക്കം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകി പാർട്ടിയുടെ കെട്ടുറപ്പ് നിലനിർത്താൻ സിപിഐ ശ്രമിക്കുന്നത്.
സി.പി.ഐ., ഇടതുമുന്നണി കൺവീനർ സ്ഥാനംവഹിക്കുന്ന ജില്ലകളിൽ, ജില്ലാസെക്രട്ടറിമാർതന്നെ കൺവീനറായാൽ മതിയെന്ന് സംസ്ഥാനസമിതി യോഗം തീരുമാനിച്ചതോടെ കൊല്ലം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ കൺവീനർമാരെ മാറ്റി.പാലക്കാട്ട് പാർട്ടി ജില്ലാകൗൺസിലിന് സമാനമായ രീതിയിലാണ് സേവ് സി.പി.ഐ. എന്നപേരിൽ സമാന്തര കമ്മിറ്റിയുണ്ടാക്കിയത്.
കോട്ടയത്തും പാർട്ടിഘടകം രണ്ടായിനിൽക്കുന്ന സ്ഥിതിയാണുള്ളത്.ഇടുക്കിയിൽ മുന്നണി കൺവീനറായിരുന്ന കെ.കെ. ശിവരാമനെതിരേ സി.പി.എമ്മിലെ ഒരുവിഭാഗവും കടുത്ത എതിർപ്പ് ഉയർത്തുന്നുണ്ട്.