അടിവസ്ത്രം മാത്രം ധരിച്ച്‌ മോഷണം: പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്ന മോഷ്ടാവ് പക്കി സുബൈർ പിടിയിൽ


ആലപ്പുഴ: കടകളുടെ പൂട്ട് കുത്തി തുറന്ന് ഇരുന്നൂറോളം മോഷണങ്ങൾ നടത്തി രണ്ട് മാസമായി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പൊലീസ് പിടിയില്‍. മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് സുബൈറിനെ ഓടിച്ചിട്ട് പിടികൂടിയത്.

ശുരനാട് തെക്കേമുറിയില്‍ കുഴിവിള വടക്കതില്‍ സുബൈർ ജയിലില്‍ നിന്ന് ഇറങ്ങി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാവേലിക്കര, ഹരിപ്പാട്, അമ്ബലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ കടകളുടെ പൂട്ട് കുത്തി തുറന്ന് ഇരുന്നൂറോളം മോഷണങ്ങളാണ് നടത്തിയത്. തുടർന്ന് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി മാവേലിക്കര പൊലീസിന്റെ വലയില്‍ ആയത്. കഴിഞ്ഞ തവണയും മാവേലിക്കര പൊലീസ് തന്നെ ആണ് ഇയാളെ പിടികൂടിയത്.

read also: 33 മണിക്കൂര്‍ പിന്നിട്ടു: കാണാതായ ജോയിക്കായുളള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി, ദൗത്യം നാവികസേന ഏറ്റെടുക്കും

അടിവസ്ത്രം മാത്രം ധരിച്ച്‌ മോഷണം നടത്തിയിരുന്ന പ്രതി വിദഗ്ധമായാണ് കടകളുടെ പൂട്ടുകള്‍ തകർത്തിരുന്നത്. ട്രെയിൻ മാ‍ർഗം ആണ് ഇയാള്‍ മോഷണത്തിന് പോകുന്നത് എന്ന് മനസ്സിലാക്കിയതോടെ വിവിധ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചായി അന്വേഷണം. മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ഇയാളെ കണ്ടെത്തുകയും അതിസാഹസികമായി ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.

മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഓ. ഈ. നൗഷാദ്, എസ്സ്. ഐമാരായ അനില്‍ എം. എസ്സ്, അജിത്ത് ഖാൻ, എബി എം.സ്സ്, നിസ്സാറുദ്ദീൻ, രമേഷ് വി എ.എസ്സ്. ഐ.റിയാസ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ വിനോദ്, നോബിള്‍, പ്രദീപ്, രാജേഷ് സിവില്‍ പോലീസ് ഓഫീസർമാരായ രതീഷ്, സീയാദ്, ബോധിൻ, ജവഹ‍ർ, അനന്തമൂർത്തി, അജീഷ്, കാർത്തിക് മോഹൻ, സലാഹുദീൻ, ശരവണൻ,മധു കിരണ്‍, ഹോം ഗാർഡ് സുകേശൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം ആണ് പ്രതിയെ പിടികുടിയത്.