ജോയിയുടെ തിരോധനം: ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എന്‍ഡിആര്‍എഫ്: മാലിന്യം നീക്കം ചെയ്യാന്‍ റോബോട്ടുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷം മാന്‍ഹോളില്‍ ഇറങ്ങിയുള്ള തെരച്ചിലാണിപ്പോള്‍ നടക്കുന്നത്. മാലിന്യം നീക്കം ചെയ്യാന്‍ കൂടുതല്‍ റോബോട്ടുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
Read Also: ട്രംപിന് വെടിയേറ്റ സംഭവത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി
മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാല്‍ തൊഴിലാളി അധികം മുന്നിലേക്ക് പോകാന്‍ സാധ്യതയില്ലെന്നും എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പ്രതീഷ് പറഞ്ഞു. റോബോട്ടിക് സംവിധാനം ഉപയോഗിച്ചും ഫയര്‍ഫോഴ്‌സിന്റെയും മറ്റും സഹായത്തോടെ സംയുക്തമായിട്ടായിരിക്കും മാലിന്യം നീക്കം ചെയ്യുകയെന്നും പ്രതീഷ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജും സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഒമ്പത് മണിയോടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. റെയില്‍വേയുടെ മൂന്നാം പ്ലാറ്റ്‌ഫോമിന്റെ സമീപത്തുള്ള മാന്‍ ഹോളിലൂടെ ഇറങ്ങിയുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മാലിന്യം നീക്കം ചെയ്തശേഷമാണ് മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങുന്നത്. ഫയര്‍ഫോഴ്‌സിന്റെ രൂപ ഡൈവിംഗ് ടീം ആണ് ഇറങ്ങിയത്. ഇതോടൊപ്പം ജോയിയെ കാണാതായ തമ്പാനൂര്‍ ഭാഗത്തെ തോട്ടില്‍ നിന്നും മാലിന്യം നീക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.