രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരമണഞ്ഞു. മെഴ്‌സ്‌കിൽ നിന്നുള്ള ആദ്യത്തെ കണ്ടെയ്‌നർ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. 800 മീറ്റർ കണ്ടെയ്‌നർ ബെർത്തിൽ ട്രയൽ റണ്ണിൻ്റെ ഭാഗമായാണ് ആദ്യ കപ്പൽ എത്തിയത്. 8000-9000 ടിഇയു (ഇരുപത് അടിക്ക് തുല്യമായ യൂണിറ്റ്) ശേഷിയുള്ള ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നുള്ള എംവി സാൻ ഫെർണാണ്ടോ എന്ന കപ്പൽ ഏകദേശം 2000 കണ്ടെയ്നറുകൾ ഇറക്കുകയും 400 കണ്ടെയ്നറുകൾ വീണ്ടും ക്രമീകരിക്കുകയും ചെയ്യും.
ഇന്നു രാവിലെ ഏഴേകാലോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് എത്തിയ കപ്പൽ ഒൻപത് മണിക്കാണ് ബെർത്തിംഗ് നടത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കപ്പലിന് സ്വാഗതമോതിയപ്പോൾ ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികളും മദർഷിപ്പ് തങ്ങളുടെ തീരമണഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചു.മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു.
കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥർ ടഗിലുണ്ടായിരുന്നു. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്.
പ്രധാനമായും ട്രാൻസ്ഷിപ്പ്മെൻ്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ വിഭാവനം ചെയ്ത തുറമുഖമാണ് വിഴിഞ്ഞം. വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്മെൻ്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രകടന മാനദണ്ഡങ്ങളും ആവശ്യമാണ്. പ്രധാന മാനദണ്ഡങ്ങളിൽ ആഗോള നിലവാരം പുലർത്തേണ്ടത് തുറമുഖത്തിൻ്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.