സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓരോ വാർഡ് വീതം കൂടും: ബില്ലിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ലിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലിൽ ഒപ്പുവെയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഗവർണറുടെ നടപടി. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടും. സർക്കാരിന്റെ വിശദീകരണവും കേട്ടശേഷമാണ് ഗവർണർ ബില്ല് പാസാക്കിയത്.
നിയമസഭയിൽ ചർച്ച കൂടാതെ ആയിരുന്നു തദ്ദേശ വാർഡ് വിഭജന ബില്ല് സർക്കാർ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ ബില്ല് ഗവർണർക്ക് അയക്കുകയായിരുന്നു. ചർച്ച ചെയ്യാതെ പാസാക്കിയതിനാൽ ബില്ലിൽ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്തുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ച ഗവർണർ, സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.
ഭരണഘടനാപരമായ ആവശ്യമായതിനാൽ വാർഡ് വിഭജന ബില്ല് പാസാക്കേണ്ടതുണ്ട് എന്ന് സർക്കാർ ഗവർണറെ അറിയിച്ചു. ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ബില്ലിൽ ഒപ്പിട്ടത്. ബില്ല് നിയമമായതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. 2011-ലെ സെൻസെസ് അടിസ്ഥാനപ്പെടുത്തി ജനസംഖ്യാ അടിസ്ഥാനത്തിലാകും വാർഡ് പുനർനിർണയം നടക്കുക.
സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവരാണ് അംഗങ്ങൾ.