ചേർത്തല: പത്തൊൻപതുകാരിയെ ക്രൂരമായി മർദ്ദിച്ച് സിപിഐഎം പ്രവർത്തകൻ. തൈക്കാട്ടുശേരി സ്വദേശി നിലാവിനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവും സഹോദരനുമാണ് തന്നെ ആക്രമിച്ചത് എന്നാണ് യുവതി പറയുന്നത്. രേഖാമൂലം പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
ഇന്ന് രാവിലെ 11 മണിക്കാണ് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഏഴ് മണിക്ക് നിലാവിന്റെ സഹോദരങ്ങളെ ആക്രമിച്ചിരുന്നു. തിരിച്ചും ആക്രമിച്ചെന്ന് ഷൈജു ആരോപിച്ചിരുന്നു. തുടർന്ന് രണ്ട് കൂട്ടരും ഇന്ന് രാവിലെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിരികെ മടങ്ങിപ്പോകുന്നതിനിടെ ഷൈജുവും സഹോദരനും സുഹൃത്തുക്കളും ചേർന്ന് നിലാവിന്റെ സഹോദരങ്ങളെ ആക്രമിക്കുന്നത്.
ഇത് തടയാനെത്തിയ പത്തൊൻപതുകാരിയായ നിലാവിനെയും ഇവർ ക്രൂരമായി മർദിച്ചു. തൈക്കാട്ടുശേരി-ചേർത്തല റോഡിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തിരുന്നില്ല. എന്നാൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി ചേർത്തല ഡിവൈഎസ്പിയോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.