തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടര്‍ന്ന് വീട് ഭാഗീകമായി തകര്‍ന്നു. പുതുവല്‍ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തന്‍ ചിറയില്‍ ഉസ്മാന്റെ വീടാണ് തകര്‍ന്നത്. മൂന്നാര്‍ ദേവികുളം കോളനിയില്‍ വീടിനു മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞു വീണ് അപകടം. വില്‍സന്‍ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകള്‍ പതിച്ചത്. വില്‍സനും ഭാര്യയും രണ്ടു കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. പാംബ്ല ഡാമിന്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി നിയന്ത്രിതമായ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാര്‍ തീരത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമണ്‍ കോസ് വേ വെള്ളത്തില്‍ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താന്‍ 400 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയാണിത്. എറണാകുളം കോതമംഗലത്ത് കിഴക്കന്‍ മേഖലയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി. ബ്ലാവനയില്‍ ജങ്കാര്‍ സര്‍വ്വീസ് നിലക്കുകയും ചെയ്തതോടെ ആറും ഏഴും വാര്‍ഡിലെ ജനങ്ങള്‍ ദുരിതത്തിലായി. അതുപോലെ ഇടുക്കി രാജാക്കാട് – മൈലാടും പാറ റൂട്ടില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കള്‍ കാട് കോളനിക്ക് സമീപമാണ് മരം വീണത്.