സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു | Vegetables, price hike, Kerala, Latest News, News


ചെന്നൈ: തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നില്‍ക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.

സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയാല്‍ കാലുകുത്താന്‍ ഇടം ഉണ്ടാകില്ല. പച്ചക്കറി ചാക്കുകള്‍ കുന്നു കൂടി കിടക്കും. പക്ഷെ ഇപ്പോള്‍ ഇതാണ് കാലിയാണ് ആ ചന്ത. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍ വേലന്താവളം മാര്‍ക്കറ്റില്‍ കൂടുതലായി എത്തുന്നത്. എറണാകുളം , തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ പോകുന്നത് വേലന്താവളം മാര്‍ക്കറ്റ് വഴിയാണ്.