കായംകുളത്ത് മദ്യലഹരിയിൽ സഹോദരൻ അനിയനെ കുത്തിക്കൊലപ്പെടുത്തി


കായംകുളം: മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കായംകുളത്ത് ഇന്നലെ രാത്രി ഒൻപതോയോടെയാണ് സംഭവം. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്.

മദ്യപിച്ചെത്തിയ ഷാജഹാൻ അനിയൻ സാദിഖിനെ കുത്തുകയായിരുന്നു. മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പൊലീസ് അറിയിച്ചു.