ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു: എല്ലാവർക്കും ബക്രീദ് ആശംസകൾ


ഹൃദയത്തിൽ അനുകമ്പയും ആർദ്രതയും ഉണർത്തി ഒരു ബലിപ്പെരുനാൾ കൂടി വന്നെത്തുകയാണ്. ഇസ്‌ലാം മത വിശ്വാസികൾ അള്ളാഹുവിൻറെ മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. എല്ലാ മാന്യവായനക്കാർക്കും ഈസ്റ്റ്‌കോസ്റ്റിന്റെ ബലി പെരുന്നാൾ ആശംസകൾ…

സ്വന്തം മകനെ ബലി നൽകണമെന്ന ദൈവ കൽപന ശിരസാ വഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാൾ. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകർത്താനാണ് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. വലിയ പെരുന്നാൾ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാൾ അറിയപ്പെടുന്നു. അല്ലാഹുവിൻറെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാൻ മനുഷ്യൻ തയ്യാറാകുന്നതിൻറെ മഹത്തായ സൂചനയാകുന്നു ബക്രീദ്.

ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.

പരിപൂർണ്ണമായ ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സഹനത്തിൻറെയും ആഘോഷമാണ് ബക്രീദ്. ഇസ്ളാം കലണ്ടറിൽ അവസാന മാസമായ ദുൽഹജ്ജിൽ ആണ് ബക്രീദ് ആഘോഷിക്കുന്നത്. “ഇവ്ദ്’ എന്ന വാക്കിൽ നിന്നാണ് “ഈദ്’ ഉണ്ടായത് . ഈ വാക്കിനർത്ഥം “ആഘോഷം, ആനന്ദം’ എന്നൊക്കെയാണ്. ഈദിൻറെ മറ്റൊരു പേരാണ് ഈദ്-ഉൽ-സുഹ , “സുഹ’ എന്നാൽ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയിൽ ബലിയായി നൽകി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിൻറെ ആത്യന്തിക സന്ദേശം.