വി.കെ. ശ്രീകണ്ഠന്‍ പുതിയ തൃശൂർ ഡിസിസി പ്രസിഡന്റ്: ഇന്ന് ചുമതലയേൽക്കും


തൃശൂർ: തൃശൂർ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠൻ എംപി ഇന്ന് ചുമതലയേൽക്കും. കെ മുരളീധരന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്‍റിനോടും കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും വികെ ശ്രീകണ്ഠൻ ചുമതലയേറ്റെടുക്കുക. തുടർന്ന് 3 മണിക്ക് ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ജില്ലയിലെ കെപിസിസി-ഡിസിസി ഭാരവാഹികളുടെയും നേതൃയോഗം ഡിസിസിയില്‍ വിളിച്ചിട്ടുണ്ട്. നേരത്തെ, നേതൃത്വത്തിന്റെ ആവശ്യത്തിനുപിന്നാലെ തൃശ്ശൂർ ഡിഡിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂർ രാജിവെച്ചിരുന്നു.

യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും രാജി പ്രഖ്യാപിച്ചു. ഡിഡിസി ഓഫീസിലെത്തിയ ഇരുവരും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് രാജി അറിയിച്ചത്. കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിൻസന്റും പ്രതികരിച്ചു.