കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ ദൃശ്യങ്ങള്‍ ലഭിച്ചു, ആൾ കസ്റ്റഡിയിൽ


കാസര്‍കോട്: പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന് അടുത്തുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ കേസില്‍ നിലവില്‍ കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ലഹരി മരുന്ന് കേസില്‍ ഉള്‍പ്പെടെ പ്രതിയായ യുവാവാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.

സംഭവത്തില്‍ ഇയാള്‍ തന്നെയാണ് പ്രതിയന്നെ് ഉറപ്പില്ലാത്ത അവസ്ഥയാണ് പൊലീസിന്. കസ്റ്റഡിയിലെടുത്ത യുവാവ് പ്രതിയാണെന്ന് പറയാനാവില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു.

കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.