കാസർഗോഡ് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് പിടിയിലായത്. ഇയാളെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കമ്മൽ കവർന്ന് രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
ഇന്നലെ പുലർച്ചെയാണ് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. കുട്ടിയുടെ കാതിൽ കിടന്ന സ്വർണ കമ്മലുകൾ കവർന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് തട്ടികൊണ്ടുപോയ ആൾ രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം അറിയുന്നത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് പ്രതി വീടിനു അകത്ത് കയറിയത്.
ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ആഭരണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസ്സിലായത്. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.