നവവധുവിനെതിരെ ഗാര്‍ഹിക പീഡനം: കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കും, രാഹുലിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസിറക്കും


കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുല്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.

കേസില്‍ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുല്‍ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇത് തടയാനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തും.