മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ, അതൃപ്തിയിൽ സാമുദായിക സംഘടനകളും


മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. എസ്കെഎസ്എസ്എഫ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. ഫ്രറ്റെർണി ഇന്ന് മലപ്പുറത്ത് പ്രതിഷേധ മാർച്ച് നടത്തും. അതേസമയം വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിൽ സാമുദായിക സംഘടനകളും കടുത്ത അമർഷത്തിലാണ് .

മലപ്പുറം ഉൾപ്പടെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണുന്നതിനു പകരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രതികരണം അനുചിതമായെന്ന നിലപാടിലാണ് സാമുദായിക സംഘടനകളും. പ്രതിഷേധങ്ങളെ പരിഹസിക്കാനും വിഷയത്തെ വഴിതിരിച്ചു വിടാനും വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്നാണ് സംഘടനകളുടെ വിമർശനം. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകളും ഒരുങ്ങുന്നത്.

സമസ്ത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തത്. ഈ മാസം 17ന് വൈകുന്നേരം 4 മണിക്ക് മേഖലാ തലങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.

പരസ്യ പ്രതിഷേധങ്ങളിലൂടെ പ്രക്ഷോഭം ശക്തമാക്കാനാണ് മുസ്‌ലീം ലീഗും ഒരുങ്ങുന്നത്. ഫ്രറ്റെർണിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പൂക്കോട്ടൂരിൽ നിന്ന് മലപ്പുറത്തേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അധിക സീറ്റുകൾക്ക് പകരം സ്ഥിര ബാച്ചുകൾ അധികമായി അനുവദിക്കണം എന്നാണ് ഉയരുന്ന ആവശ്യം.