കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യം, മത ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചാരണം: എം സ്വരാജ് സുപ്രീംകോടതിയില്‍
കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് . യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച എം സ്വരാജ് കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നൽകിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
read also: മെമ്മറി കാർഡ് കാണാതായ സംഭവം: യദുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു, മൊഴിയില്‍ വൈരുധ്യം, വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്
തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നും കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്.