വൃക്കരോഗിക്ക് ക്യാൻസറിനുള്ള മരുന്ന് മാറി നൽകി: വീട്ടമ്മയുടെ മരണത്തിൽ ഫാർമസിക്കെതിരെ പരാതി നൽകി കുടുംബം


മലപ്പുറം: വ്യക്കരോഗിക്ക് നൽകേണ്ട മരുന്നിന് പകരം ക്യാൻസറിനുള്ള മരുന്ന് നൽകി വീട്ടമ്മ മരിച്ചതായി പരാതി. തിരുരിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് മരുന്ന് മാറി നൽകിയത്. ആലത്തിയൂർ സ്വദേശി പെരുമ്പള്ളിപറമ്പിൽ അയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രി ഫാർമസിക്കെതിരെ ആരോപണമുന്നയിച്ച് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ ബന്ധുക്കൾ പരാതി നൽകി.

വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് ആയിശുമ്മ കഴിഞ്ഞ മാസം 18ന് തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്നും മാറി നൽകുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരുന്ന് കഴിച്ചത് മുതൽ ആയിശുമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ശാരീരിക പ്രശ്നങ്ങൾ രൂക്ഷമയതോടെ മറ്റു ആശുപത്രികളിൽ ചികിത്സ തേടി. പിന്നീടാണ് പേശികൾക്ക് അയവു നൽകാനുള്ള മിർട്ടാസ് 7.5 എന്ന ഗുളികക്ക് പകരം ക്യാൻസർ രോഗികൾക്ക് നൽകുന്ന മരുന്നാണ് നൽകിയതെന്നു അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ ആയിശുമ്മ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.

സംഭവത്തിൽ ആസ്വഭാവിക മരണത്തിനു തിരൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അതെ സമയം ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന പരാതി ശരിയല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.