കൊച്ചി : നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോർ തകർന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമെന്ന് കെഎസ്‌ആർടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലായിരുന്നു എന്നാണ് കെഎസ്‌ആർടിസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്.
ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോര്‍ മാന്വല്‍ മോഡില്‍ ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയില്‍ വാർത്തയ്ക്ക് കാരണമായതെന്നും കെഎസ്‌ആർടിസി പറയുന്നു.
read also: ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കിയത് അഞ്ചുമണിക്കൂർ കൊണ്ട്, ഒരു കോടിയോളം രൂപയുടെ നഷ്ടം
ബസ്സിന് ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചര്‍ സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തില്‍ മാത്രം ഡോര്‍ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ബസ്സിന്റെ തകരാര്‍ എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്.
രാവിലെ നാലരയോടെയാണ് കോഴിക്കോടുനിന്നു പുറപ്പെട്ട ബസ് മുഴുവൻ സീറ്റില്‍ ആളുകളുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് ബംഗളൂരുവിലെത്തി. ഇതിനിടെ മുൻപിലെ ലിഫ്റ്റുള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. ഡോറ് തുറന്ന് ബസിനുള്ളിലേക്കു ശക്തിയായ കാറ്റ് അടിച്ചു കയറാൻ തുടങ്ങിയതോടെ യാത്രക്കാരുടെ സഹകരണത്തോടെയാണു കാരന്തൂർ വച്ച് ഡോർ കെട്ടിവച്ചത്. തുടർന്ന് ബത്തേരി ഡിപ്പോയില്‍ എത്തിച്ചു ഡോർ ശരിയാക്കിയതിനു ശേഷമാണ് യാത്ര തുടർന്നത്.