ഉച്ചയ്ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി


എറണാകുളം ജില്ലയിൽ പുരാതനമായ രാജകൊട്ടാരങ്ങളുടെ കലവറയായ തൃപ്പൂണിത്തുറയിൽ ഹിൽ പാലസിൽ നിന്നും ആറുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ ചോറ്റാനിക്കരയിൽ മൂവ്വുലകങ്ങൾക്കും അനുഗ്രഹമേകി ശക്തി സ്വരുപിണിയായി വിളങ്ങുന്ന ജഗദംബിക! രാവിലെ ‘സരസ്വതിയും’ ഉച്ചയ്ക്ക് ‘ലക്ഷിമിയും’സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ആ അഭീഷ്ട വരദായിനി!

കാട്ടുജാതിക്കാരനായ കണ്ണപ്പൻ അപഹരിച്ചെടുത്ത ഒരു പശു കിടാവ് കാട്ടിലേക്ക് ഓടിപോയി. കാട് മുഴുവൻ തിരഞ്ഞെങ്കിലും കാണാൻ കഴിയാതെ സന്ധ്യക്ക് തിരിച്ചെത്തിയ കണ്ണപ്പൻ ആ ദിവ്യധേനുവിനെ വീട്ടിൽ കണ്ടെത്തി.മകൾ മണിമങ്കയുമായി കളിയാടുന്ന ആ പശുക്കുട്ടിയെ കണ്ണപ്പൻ മകൾക്കു തന്നെ നൽകി. പക്ഷെ അന്നു രാത്രി മണിമങ്ക മരിച്ചു! പശുക്കിടാവ് അപ്രത്യക്ഷമാകുകയും ചെയ്തു. പശുക്കിടാങ്ങളെ കാളിക്കു ബലികൊടുത്തതിന്റെ ശിക്ഷയാണ് ഇതെല്ലാമെന്നു മനസിലാക്കിയ കണ്ണപ്പൻ ആ ദിവ്യമായ ‘കല്ല്’ പൂജിച്ചു. കണ്ണപ്പന്റെ കാലശേഷം വർഷങ്ങൾ കഴിഞ്ഞു പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയ്തുവത്രെ!

എടത്ത നമ്പൂതിരി പ്രശ്‍നം വച്ചപ്പോൾ അത് ദേവി ചൈതന്യമാണെന്ന് തെളിയുകയും ഇന്നത്തെ പവിഴമല്ലിത്തറയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അടുത്ത് കിടന്ന ഒരു കണ്ണൻ ചിരട്ടയിൽ ആദ്യ നൈവേദ്യം അർപ്പിക്കുകയും ചെയ്തു. അതിന്റെ ഓർമയ്ക്കായി അവിടെ ഇന്നും കണ്ണൻ ചിരട്ടയിൽ നൈവേദ്യമുണ്ടത്രെ!

ശ്രീ ശങ്കരാചാര്യരുടെ പുറകെ തിരിഞ്ഞു നോക്കില്ലെന്ന ഉറപ്പിൽ നടന്ന ദേവിയെ, ചിലങ്കയുടെ നാദം കേൾക്കാത്തതിനെ തുടർന്ന് തിരിഞ്ഞു നോക്കുകയും ദേവി അവിടെ-ഇന്നത്തെ കൊല്ലൂരിൽ -മൂകാംബികയായി പ്രതിഷ്ഠിതയാക്കുകയും ചെയ്തു. ആചാര്യരുടെ ആഭ്യർത്ഥ മാനിച്ച്‌ എന്നും രാവിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നു കൊള്ളാമെന്ന് ദേവി ഉറപ്പു നൽകുകയും ചെയ്തു!

കീഴ്ക്കാവിനെക്കുറിച്ചുമുണ്ട് ഐതീഹ്യം! ഗുപ്തൻ നമ്പൂതിരിപ്പാടിൻറെ പുറകെ ശൃംഗാര ഭാവത്തിൽ കൂടിയ സ്‌ത്രീ യക്ഷിയാണെന്ന് തന്റെ ഗുരു നൽകിയ തോർത്തു വീശി ചോറ്റാനിക്കര വരെ ഭയന്നോടിയ നമ്പൂതിരിയെ വാതില്ക്കൽ വച്ച് യക്ഷി പിടികൂടിയത്രെ! ഉഗ്രരൂപിണിയായി മഹാകാളിയായി അവതരിച്ചു. ചോറ്റാനിക്കരയമ്മ കീഴ്ക്കാവിൽ വച്ച് ആ യക്ഷിയെ നിഗ്രഹിക്കുകയും തല വെട്ടി കുളത്തിൽ എറിയുകയും ചെയ്തു. അങ്ങനെ യക്ഷികുളമെന്ന പേരും വന്നു. പിന്നീട് മഹാദേവി കുളത്തിൽ മുങ്ങിയെന്നും ശങ്കരാചാര്യർ ദേവിയുടെ ബിംബം മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുവെന്ന് ഐതീഹ്യം!

അങ്ങനെ എത്ര കഥകൾ! എത്രയോ അനുഗ്രഹ വർഷങ്ങൾ ! കീഴ്ക്കാവിൽ ആര്യവേപ്പും നാരങ്ങയും മുളകുമാണ് പ്രധാനം.അവിടെ ഒഴിയാത്ത ഒരു ബാധകളും ഇല്ല . ദിനം പ്രതി എത്രയോ പേരാണ് ബാധോപദ്രവശാന്തിക്കായി അവിടെ എത്തുന്നത്. ഉത്രം നാളിൽ കൊടിയിറങ്ങുന്ന ഉത്സവനാളുകളിൽ ഒൻപതു ദിവസവും ആറാട്ടുള്ള ക്ഷേത്രമെന്ന സവിശേഷതയുമുണ്ട്. ദീർഘമാംഗല്യത്തിനും സുമംഗലി ആവാനുമൊക്കെ സ്ത്രീകൾ വന്നു കുമ്പിടുന്ന മകം തൊഴൽ ഏറെ പ്രസിദ്ധമാണ്. വിഷ്ണുവും ശിവനും ബ്രഹ്മാവും ശാസ്താവും സുബ്രഹ്മണ്യനും ഗണപതിയും ഒക്കെ ഈ പ്രതിഷ്ഠയിൽ കുടികൊള്ളുന്നുവത്രെ.

മഹാകാളി ‘കാല’ തത്ത്വത്തിന്റെയും മഹാസരസ്വതി ഗതിതത്ത്വത്തിന്റെയും മഹാലക്ഷ്മി ദിക് തത്ത്വത്തിന്റെയും പ്രതീകമാണല്ലൊ? കാലപ്രാവാഗത്തിൽ എല്ലാം നശിച്ചാലും സൃഷ്ടിക്കും പാലനത്തിനും വേണ്ടി നിലകൊള്ളുന്നു ആദിശക്തി! മൂന്നു തത്ത്വങ്ങളും അടങ്ങിയിരിക്കുന്ന ഈ ശക്തി ചൈതന്യത്തെ, ചോറ്റാനിക്കരയമ്മയെ ഭക്തിപൂർവ്വം സ്തുതിക്കാം….
ഭക്തമനസ്സുകളിൽ ആ തിരു മന്ത്രങ്ങൾ ഇടതടവില്ലാതെ മുഴങ്ങട്ടെ!

അമ്മേ നാരായണ
ദേവി നാരായണ
ലക്ഷി നാരായണ
ഭദ്രേ നാരായണ