താമരശ്ശേരിയിലെ പത്താം ക്ലാസ്സുകാരിയുടെയും യുവാവിന്റെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


 

കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പത്താം ക്ലാസുകാരിയെയും സുഹൃത്തിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ സ്വദേശി വിഷ്ണുവുമാണ് തൂങ്ങി മരിച്ചത്. വിദ്യാർഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്നലെ ഉച്ചയോടെയായിരുന്നു സംസ്കാരം. പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു വിഷ്ണുലാൽ. കണ്ണാടിപ്പൊയിലിലെ വിഷ്ണുവിന്റെ അമ്മവീടിന് തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു യുവാവാണ് ബൈക്കിൽ ഇവരെ എത്തിച്ചത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാൽ അവരെ വീട്ടിലാക്കി എന്നതിനപ്പുറം വിവരങ്ങൾ ഇയാൾക്കും അറിയില്ല. വിഷ്ണുവും ദേവനന്ദയും അടുപ്പത്തിലായിരുന്നു. ഇരുവരുടെയും അമ്മവീടുകൾ കണ്ണാടിപ്പൊയിലിലാണ്. ഇവിടെ വച്ചാണ് ഇവർ പരിചയത്തിലാകുന്നത്. ഇരുവരുടെയും അടുപ്പം വീട്ടുകാർക്ക് അറിയുമായിരുന്നില്ല.

ഏപ്രിൽ 19ന് പുലർച്ചെ മുതലാണ് ദേവനന്ദയെ കാണാതാകുന്നത്. തുടർന്ന് ദേവനന്ദയുടെ അച്ഛൻ പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം പറഞ്ഞു, പൊലീസിലും പരാതി നൽകി. പ്രാദേശിക നേതാവിന്റെ മകനാണ് പെൺകുട്ടിയും യുവാവും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നത്. അന്വേഷണത്തിൽ യുവാവിനെയും കാണാനില്ലെന്ന് അറിഞ്ഞു. ഇരുവരുടെയും ഫോൺ ട്രാക്ക് ചെയ്യാൻ പൊലീസിന് ആദ്യ ദിവസം സാധിച്ചെങ്കിലും പിന്നീട് കഴിഞ്ഞില്ല.