ലോക്സഭാ തിരഞ്ഞെടുപ്പ് 2024: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും


തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും. ഇന്ന് രാവിലെ 10 മണിക്ക് എറണാകുളം കലൂർ ഐഎംഎ ഹാളിൽ വെച്ചാണ് പ്രത്യേക യോഗം ചേരുക. യോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒരുക്കങ്ങളാണ് പ്രധാനമായും വിലയിരുത്തുക. ഏപ്രിൽ 26നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കുന്നതാണ്.

യോഗത്തിൽ ജില്ലാ കലക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, എ.ആർ.ഒമാർ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, എക്സൈസ്, ജിഎസ്ടി, മോട്ടോർ വാഹന വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ, ഇൻകം ടാക്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ് ഗാർഡ് എന്നീ കേന്ദ്ര ഏജൻസികളുടെ സ്റ്റേറ്റ് നോഡൽ ഓഫീസർമാരും പങ്കെടുക്കുന്നതാണ്.