ശബരിമല: മീനമാസ പൂജകൾക്കായി നട ഇന്ന് തുറക്കും


പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കുക. ഇന്ന് വൈകിട്ട് 5:00 മണിക്ക് നട തുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെയുള്ള തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കുന്നതാണ്. ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റാൻ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല.

നാളെ പുലർച്ചെ നാളെ 4:30-ന് പള്ളി ഉണർത്തൽ ചടങ്ങുകൾ ഉണ്ടാകും. 5 മണിക്ക് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഉണ്ടായിരിക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 7:00 മണി വരെയും, 9:00 മണി മുതൽ 11:00 വരെയും നെയ്യഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. 7.30-ന് ഉഷപൂജ, ഉദയാസ്തമയ 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ തുടങ്ങിയവ ഉണ്ടാകും. തുടർന്ന് ഒരു മണിക്ക് നട അടയ്ക്കും.

വൈകുന്നേരം 5:00-ന് നട തുറക്കും. 6.30-ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ എന്നിവ ഉണ്ടായിരിക്കും. രാത്രി 10:00-നാണ് നട അടയ്ക്കുക. മീനമാസ പൂജകൾ പൂർത്തിയാക്കി 18-ന് രാത്രി 10:00-ന് നട അടയ്‌ക്കും. ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണ്. കൂടാതെ, പമ്പയിൽ സ്‌പോട്ട് ബുക്കിനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.