തൃശ്ശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കാട്ടുകൊമ്പനെ അവശനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ എണ്ണപ്പന തോട്ടത്തിന് സമീപം കാട്ടുകൊമ്പൻ ഉണ്ടെങ്കിലും ഇന്ന് സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിയാണ് അവശനിലയിൽ കഴിയുന്നത്. നിലവിൽ, പ്ലാന്റേഷൻ കോർപ്പറേഷന്റെ യാർഡിന് സമീപമാണ് ആന ഉള്ളത്. ഇന്നലെ രാത്രി മുതൽ ആന അവശനിലയിലായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു.
ഇന്ന് രാവിലെ മറ്റൊരു കാട്ടാന ഗണപതിയുടെ സമീപത്ത് എത്തിയിരുന്നു. പിന്നീട് അത് കാട്ടിലേക്ക് പോവുകയായിരുന്നു. ആനയ്ക്ക് അവശതകൾ ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. ഡിഎഫ്ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. വനം വകുപ്പ് ഡോക്ടർ ഉടൻ സ്ഥലത്തെത്തുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് അതിരപ്പിള്ളി കോർപ്പറേഷന് സമീപം കാട്ടാനക്കൂട്ടങ്ങൾ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് വിതച്ചിരുന്നത്.