ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്‌സൺ പൊലീസിൽ കീഴടങ്ങി


പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ് പൊലീസിൽ കീഴടങ്ങിയത്. കേസിൽ ഒന്നാം പ്രതി കൂടിയായ ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്.

ഡിസംബർ 20നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

കേസില്‍ ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.