വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സഹകരണ ചാർട്ടർ, ഒപ്പുവെച്ച് കേരളവും കർണാടകയും


വയനാട്: വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവായതോടെ സഹകരണ ചാർട്ടറിൽ ഒപ്പുവെച്ച് കേരളവും കർണാടകയും. കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വൻ നാശനഷ്ടമാണ് വിതയ്ക്കുന്നത്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തർസംസ്ഥാന യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും സഹകരണ ചാർട്ടറിൽ ഒപ്പുവച്ചിരിക്കുന്നത്. പ്രധാനമായും നാല് നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് ചാർട്ടർ തയ്യാറാക്കിയിരിക്കുന്നത്.

വന്യമൃഗങ്ങളുള്ള മേഖല അടയാളപ്പെടുത്തി അവ ജനവാസ മേഖലയിലിറങ്ങുന്നതിന്റെ കാരണം കണ്ടെത്തുക, പരിഹാരങ്ങളില്‍ കാലതാമസം ഒഴിവാക്കുക, വിവരം വേഗത്തില്‍ കൈമാറുക, വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും മുന്നോട്ട് വയ്‌ക്കുന്ന നിർദ്ദേശങ്ങൾ. ‌‌ വന്യജീവി ആക്രമണം തുടർക്കഥയായ പശ്ചാത്തലത്തിൽ കേരള‌‌, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇന്റര്‍‌സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ ചേരാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.