കരുണാകരന്റെ ആത്മാവിനെ സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ


തിരുവനന്തപുരം : ഇലക്ഷൻ പ്രചരണത്തിൽ കരുണാകരന്റെ ചിത്രം നരേന്ദ്രമോദിയുടെ ചിത്രത്തോടൊപ്പം ചേർത്തുവയ്ക്കുന്നതിൽ പ്രതിഷേധമുണ്ടെന്നു കെ മുരളീധരൻ. കെ കരുണാകരൻ കോൺഗ്രസിന്റെ സ്വത്താണെന്നും ജീവനുള്ള കാലത്തോളം കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

READ ALSO: വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറിമാറിയും: ഹരീഷ്‌ പേരടി

‘കെ കരുണാകരൻ കോൺഗ്രസിന്റെ സ്വത്താണ്. അത് വിവരമുള്ള എല്ലാ മലയാളികൾക്കും അറിയുകയും ചെയ്യാം. പത്മജ ബിജെപിയിലേക്ക് പോയത് തികച്ചും നിർഭാഗ്യകരമായ സംഭവമാണ്.അതിൽ ഏറെ വേദനയുണ്ട്. പത്മജയുമായി ഇനിയൊരു ബന്ധവുമില്ല. ഇലക്ഷൻ പ്രചരണത്തിൽ കരുണാകരന്റെ ചിത്രം നരേന്ദ്രമോദിയുടെ ചിത്രത്തോടൊപ്പം ചേർത്തുവയ്ക്കുന്നതിൽ പ്രതിഷേധമുണ്ട് . കരുണാകരൻ എന്നും ബി ജെ.പി ക്കെതിരായിരുന്നു. ബി.ജെ പി യുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും ഉൾപ്പെടെയുള്ളവർ പ്രതിഷേധങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. ജീവനുള്ള കാലത്തോളം കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു വ്യക്തി കൊഴിഞ്ഞു പോകുന്നതുകൊണ്ട് തകർന്നുപോകുന്ന പ്രസ്ഥാനമല്ല കോൺഗ്രസ് . ഈ വരുന്ന പാർലമെൻറ് ഇലക്ഷനിൽ മികച്ച വിജയം തന്നെ നേടുകയും ചെയ്യും. കേരളത്തിൽ ബിജെപിയെ മൂന്നാം സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത് . അതിലും ലക്ഷ്യം കാണുക തന്നെ ചെയ്യുമെന്ന്’- മുരളീധരൻ വ്യക്തമാക്കി