തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ ഇന്ന് 8 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക.
ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം, മലയോര മേഖല ഒഴികെയുള്ള ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായിരിക്കുന്നതാണ്. അതേസമയം, ചൂട് ഗണമായി ഉയർന്നതിനാൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. നിർജ്ജലീകരണം ഇല്ലാതാക്കാൻ കൃത്യമായ ഇടവേളകളിൽ നിർബന്ധമായും ശുദ്ധജലം കുടിക്കണം.