[ad_1]
കൊച്ചി: ‘നീതി മെഡിക്കൽ സ്കീം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ ബാധിതർക്കും ഡയാലിസിസ് ചെയ്യുന്നവർക്കും ഉള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് നീതി മെഡിക്കൽ സ്കീം. ഏപ്രിൽ ഒന്ന് മുതൽ പദ്ധതി ആരംഭിക്കുന്നതാണെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അറിയിച്ചു. നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ബ്രാൻഡഡ്, ജനറിക് മരുന്നുകൾ 16 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കിഴിവിലാണ് ലഭ്യമാക്കുക.
ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി നൽകുന്ന ‘നീതിയുടെ ഉറപ്പ്’ എന്ന പദ്ധതിക്കും ഏപ്രിൽ ഒന്ന് മുതൽ തുടക്കമാകും. മരുന്ന് കമ്പനികളുടെ ഗുണനിലവാര സർട്ടിഫിക്കറ്റ്, ഡോക്ടർമാർ ഉൾപ്പെടുന്ന ഉപദേശക സമിതിയുടെ പരിശോധന, അനലിറ്റിക്കൽ റിപ്പോർട്ട് എന്നിവ വഴി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണ് നീതിയുടെ ഉറപ്പ് എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന് പുറമേ, പിഎച്ച്എസി മുതൽ മെഡിക്കൽ കോളേജിൽ വരെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും 50 ശതമാനം വിലക്കുറവിൽ നൽകുന്ന പദ്ധതിയും ഏപ്രിൽ ഒന്നിന് ആരംഭിക്കും.
[ad_2]