തിരുവനന്തപുരം: പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദവിരുന്നിനായല്ല വിളിച്ചതെന്നും കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരക്ഷരം രാഷ്ട്രീയം ഭക്ഷണത്തിനിടെ മോദി പറഞ്ഞില്ലെന്നും പ്രേമചന്ദ്രൻ വിശദമാക്കി. പ്രധാനമന്ത്രി വന്നപ്പോൾ നേരെ പാർലമെന്റ് ക്യാന്റീനിലേക്ക് പോയി. അവിടെ വേറെയും നിരവധി പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നു. താൻ ആദ്യമായിട്ടാണ് കാന്റീനിൽ വരുന്നത് എന്ന് മോദി പറഞ്ഞു.
എളമരം കരീമിനെയും പ്രേമചന്ദ്രൻ വിമർശിച്ചു. ബിഎംഎസ് പരിപാടിയിൽ പങ്കെടുത്ത എളമരമാണ് തന്നെ വിമർശിക്കുന്നത്. ധവളപത്രത്തിനെതിരെ താൻ സംസാരിക്കുമ്പോൾ എളമരം ബിഎംഎസ് പരിപാടിയിലാണെന്നും പ്രോമചന്ദ്രൻ കുറ്റപ്പെടുത്തി.
സിപിഎം കേന്ദ്രകമ്മറ്റി അംഗം നടരാജൻ ഭക്ഷണസമയത്ത് അവിടെ വന്നു എന്നും നടരാജൻ മോദിക്കൊപ്പം ഫോട്ടോയെടുത്തത് ബിജെപിയിൽ ചേരാൻ വേണ്ടിയാണോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു.