ആൾമാറാട്ടത്തിന് പൂട്ടുവീഴുന്നു! ബയോമെട്രിക് പരിശോധന കർശനമാക്കാനൊരുങ്ങി പിഎസ്‌സി


തിരുവനന്തപുരം: വിവിധ പരീക്ഷകളിലെ ആൾമാറാട്ടം തടയാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. ഇത് ഉറപ്പുവരുത്തുന്നതിനായി കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സർവകലാശാല ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടന്നിരുന്നു. ഇതിനെ തുടർന്നാണ് പിഎസ്‌സിയുടെ നടപടി.

പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച രണ്ട് പ്രതികളെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നേമം സ്വദേശിയായ അമൽജിത്തിന് വേണ്ടിയാണ് പകരക്കാരൻ പരീക്ഷ ഹാളിൽ എത്തിയത്. ഇയാളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ യന്ത്രവുമായി എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ, രണ്ട് പേരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.