ദേവസ്വം വകുപ്പിലെ അധികൃതർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം


കൊല്ലം: ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. നിലമേലിന് സമീപമാണ് അപകടം നടന്നത്. കാറിന്റെ എസിയുടെ ഭാഗത്തുനിന്നുമാണ് തീ പടർന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

അപകട സമയത്ത് ദേവസ്വം വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർ കാറിലുണ്ടായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇവർ കാറിൽ നിന്നും പുറത്തേക്കിറങ്ങി. ഇതോടെ വൻ ദുരന്തം ഒഴിവായി.

കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴി നിലമേലിൽ എത്തിയപ്പോൾ കാറിലെ എസി പ്രവർത്തനരഹിതമായി. പിന്നീട് എസിയിൽ നിന്ന് ശക്തമായി പുക പുറത്തുവരാനും തുടങ്ങി. തുടർന്ന് എല്ലാവരും കാറിന് പുറത്തിറങ്ങി. ഉടൻ തന്നെ കാറിന് തീപിടിക്കുകയും ചെയ്തു.

ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂർണമായും കത്തി നശിച്ചുവെന്ന് അധികൃതർ അറിയിച്ചു.