പെൺകുട്ടിയെ കുറിച്ച് മോശം ഇൻസ്റ്റഗ്രാം പോസ്റ്റ്: വീട്ടിൽ കയറി ആക്രമണവും പ്രത്യാക്രമണവും: 9 പേർ അറസ്റ്റിൽ

[ad_1]

ആലപ്പുഴ: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീടുകയറി ആക്രമണം നടത്തിയ 9 പേർ അറസ്റ്റിൽ. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ടു വീട്ടുകാര്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വീടുകയറി ആക്രമണത്തില്‍ കലാശിച്ചത്.

കരുനാഗപ്പള്ളി സ്വദേശിനിയായ ദീപയും ഭര്‍ത്താവും മകനും മകന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷിനെയും ഭാര്യ സുസ്മിതയെയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയും അവര്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തതായാണ് കേസ്.

ദീപയുടെ മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റിട്ടത് സുസ്മിതയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നതാണ് വീടുകയറി ആക്രമണത്തിലും പ്രത്യാക്രമണത്തിലും കലാശിച്ചത്.

കരുനാഗപ്പള്ളി താലൂക്കില്‍ ചവറ വില്ലേജില്‍ ചോലെപ്പാടം വിഷ്ണുഭവനം വീട്ടില്‍ ദീലിപ് കുമാറിന്റെ ഭാര്യ ദീപ (37), മകന്‍ പ്രണവ് (19), ചവറ വടക്കുംതല കിരണ്‍ഭവനത്തില്‍ കിരണ്‍ (19), തേവലക്കര നല്ലതറ വടക്കതില്‍ അഖില്‍ (19), വടക്കുംതല രജനീഷ് ഭവനത്തില്‍ രജനീഷ് (22), വടക്കുംതല പള്ളിയുടെ കിഴക്കതില്‍ വീട്ടില്‍ ആദിത്യന്‍ (19) എന്നിവരെയും ഈ സംഘത്തെ തിരികെ ആക്രമിച്ചതിന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ തോട്ടുകണ്ടത്തില്‍ സതീഷ് (43), ഭാര്യ സുസ്മിത (40), സതീഷിന്റെ സഹോദരന്‍ സുരേഷ് (41) എന്നിവരെയുമാണ് മാവേലിക്കര പോലീസ് അറസ്റ്റുചെയ്തത്.

 

[ad_2]