വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിക്ക് പേര് നിർദ്ദേശിക്കാൻ അവസരം! ചെയ്യേണ്ടത് ഇത്രമാത്രം


തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പുതിയ പദ്ധതിക്കുള്ള പേര് നിർദ്ദേശിക്കാൻ അവസരം. സ്കൂൾ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഈ പദ്ധതിയുടെ പേര് നിർദ്ദേശിക്കാനുള്ള അവസരമാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു പങ്കുവെച്ചിട്ടുണ്ട്. സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് പ്രവേശിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന പേര് മലയാളത്തിലോ ഇംഗ്ലീഷിലോ നിർദ്ദേശിക്കാവുന്നതാണ്.

ഫെബ്രുവരി നാല് വരെയാണ് പേരുകൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി നാലിന് വൈകിട്ട് 5 മണിക്ക് മുൻപ് [email protected] എന്ന മെയിലിൽ പേര് അയക്കാവുന്നതാണ്. വൈകി ലഭിക്കുന്നവ പരിഗണിക്കുകയില്ല. പേര് തിരഞ്ഞെടുക്കുന്നതിൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. പോളിടെക്നിക്കുകളും ടെക്നിക്കൽ ഹൈസ്കൂളുകളും മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ സമൂഹത്തെ ബോധ്യപ്പെടുത്താനും, നല്ല അക്കാദമിക് നിലവാരവും അഭിരുചിയും ഉള്ള വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് ആകർഷിക്കാനുമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.