‘ഗോ ബ്ലൂ’ ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകൾ ഇനി പ്രത്യേക കളർ കോഡിൽ


കൊച്ചി: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക കളർ കോഡിൽ വിതരണം ചെയ്യാനുള്ള നടപടികൾക്ക് തുടക്കമായി. ആന്റിബയോട്ടിക് മരുന്നുകൾ നീല കവറിലാണ് വിതരണം ചെയ്യുക. ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന ‘ഗോ ബ്ലൂ’ ക്യാമ്പയിനിന്റെ ഭാഗമായാണ് നടപടി. ബോധവൽക്കരണ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ശേഷം പ്രത്യേക നീല കവറുകളിലാണ് ഇവ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക കളർ കോഡുളള കവറിൽ വിതരണം ചെയ്യുന്നതിനാൽ, ഇവ പെട്ടെന്ന് തിരിച്ചറിയാൻ രോഗികളെ സഹായിക്കുന്നതാണ്. കൂടാതെ, ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, ദുരുപയോഗം തടയാനും കഴിയുന്നതാണ്. ഇവ ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ജില്ലാ ആരോഗ്യ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്.