വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവം, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൈലിമുണ്ടുകള്‍ പുതിയത്
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആണ് 73 വയസ്സുകാരനായ ജോര്‍ജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. വയോധികനെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കടക്കുളളില്‍ ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ഉപയോഗിച്ച കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കണ്ടെടുത്തിരുന്നു. ഇവ പുതിയതാണെന്ന് പൊലീസ് പറയുന്നു. കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതുപോലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കാണാനില്ലായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയിലാണ് സംഭവം.