കടയ്ക്കാവൂർ: വർക്കല കവലയൂർ കൊടിതൂക്കിക്കുന്നിൽ നായ്ക്കളെ കാവൽ നിർത്തി ലഹരിക്കച്ചവടം നടത്തിയ സംഘം പിടിയിൽ. കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ ഷൈൻ(നീലൻ), നഗരൂർ കരവാരം കുന്നിൽ വീട്ടിൽ ബിജോയ്(ഹരി), ആറ്റിങ്ങൽ ഇളമ്പ ദേവിപ്രിയയിൽ രാഹുൽ എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പി രാസിതിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കടയ്ക്കാവൂർ പോലീസുമാണ് പരിശോധന നടത്തിയത്.
വീട്ടിൽനിന്ന് 10.10 ഗ്രാം എം.ഡി.എം.എ, 650 ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പർ, 1,30,000 രൂപ, 4 മൊബൈൽേഫാൺ, ഇലക്ട്രിക് ത്രാസ് എന്നിവ കണ്ടെത്തി. പരിശോധനയ്ക്കായി എത്തിയ സംഘത്തെ ആക്രമിക്കുകയും വീട്ടിലുണ്ടായിരുന്ന നായ്ക്കളെ അഴിച്ചുവിട്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. പിടിയിലായ ഷൈനും ബിജോയിയും ലഹരിവ്യാപാര സംഘങ്ങളിലെ പ്രധാനികളാണെന്ന് പോലീസ് പറഞ്ഞു.