ചാലക്കുടി എസ്‌ഐയെ പട്ടിയെ പോലെ തല്ലുമെന്ന് എസ്എഫ്ഐ നേതാവ്: ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അടക്കം 5 പേർ അറസ്റ്റിൽ
ചാലക്കുടി: വെള്ളിയാഴ്ച വൈകിട്ട് സര്‍ക്കാര്‍ ഐ.ടി.ഐ.ക്ക് സമീപം പോലീസ് ജീപ്പിന്റെ മുകളില്‍ കയറിനില്‍ക്കുകയും തല്ലിത്തകര്‍ക്കുകയും പോലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലന്‍ (30) ഉള്‍പ്പെടെ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പിള്ളി മേഖലാ സെക്രട്ടറി ജിയൊ കൈതാരത്ത് (24), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മാരാങ്കോട് മംഗലന്‍ വില്‍ഫിന്‍ (25), എസ്.എഫ്.െഎ. പ്രവര്‍ത്തകരായ പട്ടാമ്പി കറുകപുത്തൂര്‍ കളത്തില്‍ ഷെമീം (20), കാഞ്ഞൂര്‍ പുതിയേടം ഗ്യാനേഷ് (23) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
അതേസമയം, പ്രസംഗത്തിനിടെ അസഭ്യവര്‍ഷവും പോലീസിനു നേരെ ഭീഷണിയുമായി എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ഹസ്സന്‍ മുബാറക് രംഗത്തെത്തി. ചാലക്കുടി എസ്.ഐ.യുടെ പേരെടുത്തുപറഞ്ഞായിരുന്നു ചീത്തവിളി. ഐ.ടി.ഐ.യിലെ കുട്ടികളെ ചാലക്കുടി എസ്.ഐ. തല്ലിച്ചതച്ചതായി ഹസ്സന്‍ മുബാറക് പറഞ്ഞു.
മറുപടിയായി തെരുവുപട്ടിയെ തല്ലുന്നപോലെ തെരുവിലിട്ട് എസ്.ഐ.യെ തല്ലുമെന്നും ഹസ്സന്‍ മുബാറക് ഭീഷണി മുഴക്കി.ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവന്നാലും പ്രശ്‌നമില്ല. തന്റെ വിവാദപ്രസംഗം റിപ്പോര്‍ട്ട് ചെയ്ത് വൈറലാക്കിയാലും എസ്.എഫ്.ഐ.ക്ക് ഒന്നും സംഭവിക്കില്ലെന്നും ഹസ്സന്‍ മുബാറക് പറഞ്ഞു.