പ്രളയത്തെ നേരിടുന്ന തമിഴ്നാടിനെ ചേര്‍ത്തുനിര്‍ത്താന്‍ കേരളം

[ad_1]

തിരുവനന്തപുരം: മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയത്തെ നേരിടുന്ന തമിഴ്‌നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്‌നാടിനൊപ്പം നില്‍ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി കുറിച്ചു.

അതേസമയം, മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ച ചെന്നൈ വിമാനത്താവളം തുറന്നു. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

[ad_2]