സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍: ഇന്ന് മാത്രം വര്‍ധിച്ചത് 600 രൂപ


തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം ഒരു പവന് 600 രൂപ ഉയര്‍ന്നു. പവന് 46,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വില വര്‍ധിക്കുന്നത്.

സാധാരണക്കാരന് സ്വര്‍ണം ചേര്‍ത്തുള്ള ഒരു ആഘോഷവും ഇനി നടക്കില്ല എന്ന മട്ടിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ബുധനാഴ്ച പവന് 600 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. പിന്നീട് കുറഞ്ഞെങ്കിലും വെള്ളിയാഴ്ച നേരിയ വര്‍ധനവുണ്ടായി പവന്‍ വില 46160 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് ഉപഭോക്താവിന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് സ്വര്‍ണവില 47000ത്തിന് അടുത്തെത്തി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരണാനുള്ള കാരണം. നവംബര്‍ 29ന് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വില. പവന് 46,480 രൂപയായി ആണ് വില കുതിച്ചത്. ഗ്രാമിന് 5810 രൂപയായിരുന്നു വില. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.