കൊച്ചി: കലൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ഇരുപതിലധികം തവണയാണ് യുവതിക്ക് കുത്തേറ്റത്. കഴുത്തിലും വയറിലുമുൾപ്പെടെ കുത്തേറ്റിട്ടുണ്ട്.
കൊലപാതകത്തിനു മുൻപ് പെൺകുട്ടിയെ വിചാരണ നടത്തി ദൃശ്യം പ്രതി മൊെബെൽ ഫോണിൽ പകർത്തുകയും ചെയ്തു. ചങ്ങനാശ്ശേരി ചീരൻവേലിയിൽ രവിയുടെ മകൾ രേഷ്മ (27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് കന്തലാട് തലയാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന തോട്ടിൽ വീട്ടിൽ നൗഷാദിന്റെ (30) അറസ്റ്റ് രേഖപ്പെടുത്തി.
യുവതിയുടെ സുഹൃത്തും കുറ്റകൃത്യം നടന്ന ഹോട്ടലിന്റെ കെയർടേക്കറുമാണ് പ്രതി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിലെ ടെറസിൽനിന്നു കണ്ടെടുത്തു.
കലൂരിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു കൊലപാതകം. സാമൂഹിക മാധ്യമം വഴിയാണ് രേഷ്മയും നൗഷാദും പരിചയപ്പെട്ടത്. മൂന്നുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവ ദിവസം നൗഷാദ് രേഷ്മയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലാബ് അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്ന രേഷ്മ മൂന്ന് വർഷമായി കൊച്ചിയിലാണ് താമസം.