കുന്നംകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച: 90,000 രൂപ മോഷണം പോയി, അന്വേഷണം ആരംഭിച്ചു പോലീസ് 


തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി. അത്താണി സ്വദേശി സോജന്‍ പി. അവറാച്ചന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കുന്നംകുളം ചൂണ്ടലിലെ ഹൈ ടഫന്‍ഡ് ഗ്ലാസ് ഫാക്ടറിയില്‍ ആണ് സംഭവം. കഴിഞ്ഞ അഞ്ചിനും ഏഴിനും ഇടയിലുള്ള ദിവസമാണ് മോഷണം നടന്നത്.

പണം സ്ഥാപനത്തിലെ മൂന്നാം നിലയില്‍ അക്കൗണ്ടന്റ് താമസിക്കുന്ന റൂമില്‍വച്ച് പൂട്ടിയതിനുശേഷം നാട്ടില്‍ പോയിരിക്കുകയായിരുന്നു. ഏഴിന് നാട്ടില്‍നിന്ന് വന്നപ്പോഴാണ് റൂമിന്റെ പൂട്ട് പൊളിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റൂമിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ച 90,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തുടര്‍ന്ന് സ്ഥാപനത്തിലെ മാനേജര്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍മരായ മഹേഷ്, ഷക്കീര്‍ അഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആശിഷ്, അനീഷ്, ഷംനാദ്, ഷഫീഖ്  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും  വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.