പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടി 6,736 വിദ്യാർത്ഥികൾ


സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇത്തവണ മൂന്നാം സപ്ലിമെന്ററി ഘട്ടത്തിൽ 6,736 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് 12,487 അപേക്ഷകളാണ് ലഭിച്ചത്. ഇവയിൽ സാധുവായ 11,849 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുണ്ട്. നിലവിൽ, മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ആകെ 19,003 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റിൽ ഇടം നേടിയവർക്ക് ഇന്ന് വൈകിട്ട് 4.00 മണി വരെ അതത് സ്കൂളുകൾ പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മൂന്നാം ഘട്ട സപ്ലിമെന്ററി പ്രവേശ നടപടികൾ ഇന്ന് പൂർത്തിയാക്കുന്നതോടെ, തുടർ അലോട്ട്മെന്റ് വിശദാംശങ്ങൾ നാളെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അതേസമയം, ഈ അധ്യായന വർഷത്തെ സ്കൂൾ കലണ്ടറിൽ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 210 ആയി കുറച്ച നടപടിക്കെതിരെ ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്.