ആലപ്പുഴ: അരിക്കൊമ്പന്‍മാരെ ആട്ടിയോടിക്കുന്ന കേരളം ഗുജറാത്തിനെ കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കാട് കയ്യേറിയ മനുഷ്യര്‍ അരിക്കൊമ്പന്‍മാരെ ആട്ടിയോടിക്കുന്ന കാലത്ത് ഗുജറാത്തില്‍ വന്യമൃഗങ്ങളെ പരിപാലിക്കുന്നതില്‍ നരേന്ദ്രമോദി സൃഷ്ടിച്ച മാതൃകയെ കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് സന്ദീപ് വാചസ്പതി.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മണ്ഡലമായ മണിനഗറിലെ കാങ്കരിയാ തടാകവും അതിനോടനുബന്ധിച്ച 117 ഏക്കറും നവീകരിച്ച് ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘കാട് കയ്യേറിയ മനുഷ്യര്‍ അരിക്കൊമ്പന്‍മാരെ ആട്ടിയോടിക്കുന്ന കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പാലിറ്റി അത്ഭുതമാവുകയാണ്. വന്യമൃഗങ്ങളെ പരിപാലിക്കുന്നതില്‍ നരേന്ദ്രമോദി സൃഷ്ടിച്ച മാതൃകയാണ് കാങ്കരിയ വന്യജീവി സങ്കേതം. Narendra Modi ji മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മണ്ഡലമായ മണിനഗറിലെ കാങ്കരിയാ തടാകവും അതിനോടനുബന്ധിച്ച 117 ഏക്കറും നവീകരിച്ച് ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്’.
‘മൃഗങ്ങള്‍ കഴിയുന്ന കൂട്ടില്‍ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കിയാണ് ഇവിടെ സംരക്ഷിക്കുന്നത്. അതിനായി താപനില, പ്രകാശം, പ്രതലം ഒക്കെ ക്രമീകരിച്ചിട്ടുണ്ട്. അതോടെ വനത്തില്‍ കഴിയുന്ന അവസ്ഥയില്‍ തന്നെ അവയ്ക്ക് ശാന്തമായി കഴിയാന്‍ സാധിക്കുന്നു. ദാഹജലത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള മരുന്ന് കൂടി നല്‍കുന്നതോടെ അസ്വസ്ഥരാകാതെയും പീഡനം അനുഭവിക്കാതെയും ജീവിക്കാന്‍ അവയ്ക്ക് പറ്റുന്നുണ്ട്. രാത്രി കാലത്ത് ഇര തേടാന്‍ ഇറങ്ങുന്ന നൊക്‌ചേര്‍ണല്‍ (Nocturnal) വിഭാഗത്തില്‍ ഉള്ള മൃഗങ്ങളെ പകല്‍ പ്രതീതി സൃഷ്ടിച്ച് രാത്രിയില്‍ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്’.
‘പകല്‍ സമയത്ത് രാത്രിയുടെ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ മൃഗങ്ങള്‍ സജീവമാകും. ഇത് സന്ദര്‍ശകര്‍ക്ക് രാത്രികാല വനസഞ്ചാരത്തിന്റെ അനുഭൂതി നല്‍കുന്നു. ഒപ്പം കാടിന്റെ സ്വാഭാവിക ശബ്ദ വിന്യാസം കൂടിയാകുമ്പോള്‍ സന്ദര്‍ശകര്‍ക്ക് അത് മറക്കാനാകാത്ത അനുഭവമായി മാറുന്നു. ചൂട് കൊണ്ടും സ്വാഭാവിക ആവാസവ്യവസ്ഥയുടെ അഭാവം മൂലവും കേരളത്തിലെ മൃഗശാലകളില്‍ വന്യമൃഗങ്ങള്‍ ദുരിതം അനുഭവിച്ച് ചത്ത് വീഴുമ്പോഴാണ് നരേന്ദ്ര മോദിയുടെ ഗുജറാത്ത് വ്യത്യസ്തമാകുന്നത്. പുല്ലിനും പുഴുവിനും വരെ സംരക്ഷണം നല്‍കാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരികള്‍. ഇതൊന്നും വലിയ പണച്ചെലവ് ഉള്ള കാര്യമല്ല. വീക്ഷണമാണ് വേണ്ടത്. അവിടെയാണ് മോദി വ്യത്യസ്തനാകുന്നത്. ഇതാണ് മോദി സൃഷ്ടിക്കുന്ന പുതിയ ഭാരതം’.