പ്രസക്തി വര്‍ദ്ധിപ്പിച്ച് വീണ്ടും ഒരു മെയ് ദിനം കൂടി

വീണ്ടുമൊരു തൊഴിലാളി ദിനം കൂടി എത്തുകയാണ്.  മെയ്  ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിച്ച ദിനം കൂടിയാണ് മെയ് ദിനം. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന തീരുമാനമുണ്ടായത്. തൊഴിലാളികളുടെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചമെത്തിയ ദിനം കൂടിയാണ് ഇത്.  മെയ്ദിനത്തിന്റെ ഓര്‍മ്മകള്‍ പഴയകാലത്തെ കുറിച്ച് മാത്രമല്ല പുതിയകാല ദുരിതങ്ങളെ കുറിച്ചും വിലയിരുത്താനും പുതിയ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാനുമുള്ളതാണ്.

മെയ് ദിനം  തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിക്കുക തന്നെ  ചെയ്തു. ഈ ദിനത്തിന് ഇന്നും പ്രസക്തിയേറെയാണ്. തൊഴിലാളികള്‍ ഇപ്പോഴും തൊഴില്‍  ചൂഷണത്തിന് ഇരയാവുന്നു എന്നത്  തന്നെയാണ് ഈ കാലത്തും മെയ് ദിന പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്.  ഉദാത്തമായ മനുഷ്യസങ്കല്‌പമാണ് മെയ് ദിനം മുന്നോട്ടു വയ്ക്കുന്നത്.  മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകമാണ് മെയ് ദിന സങ്കല്പം.  തൊഴിലാളി വർഗം ഏതൊരു രാജ്യത്തിന്റെയും നിർണായകമായ സാമൂഹ്യ ശക്തിയാണ്. പക്ഷേ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിൻറെ നില എല്ലായിടത്തും പരിതാപകരമാണ്. അതുകൊണ്ട് തന്നെ മെയ് ദിന പ്രസക്തി വര്‍ദ്ധിച്ചുവരുകയാണ് ചെയ്യുന്നത്. തൊഴിലാളികളില്‍ ഐക്യം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകത തന്നെയാണ് തൊഴിലാളി ദിനം മുന്നോട്ടു വയ്ക്കുന്നത്.

1885-86 കാലത്ത് തൊഴിലാളി ചൂഷണത്തിനെതിരായ  തൊഴിലാളികള്‍ സംഘടിച്ചു.  വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും 1886 മെയ് ഒന്നിന്ന് ചിക്കാഗോയില്‍ പ്രക്ഷോഭം നടത്തുന്നതിന് തീരുമാനിച്ചു.  അന്ന് 15 മണിക്കൂര്‍ ആയിരുന്നു തൊഴില്‍ സമയം. ഇതിനെതിരെയാണ് പ്രക്ഷോഭം രൂപം കൊണ്ടത്. 1886 മെയ് 1 ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ പണിമുടക്ക് സമരം മൂന്നര ലക്ഷം തൊഴിലാളികളെ ചിക്കാഗോ നഗരത്തില്‍ എത്തിച്ചുവെന്നാണ് കണക്ക്.

എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന മുദ്രാവാക്യവുമായി നടന്ന സമരം ലോകവ്യാപകമായി തൊഴിലാളി പ്രസ്ഥാനങ്ങളെ ആവേശത്തിലാക്കി. 1886 മെയ് മാസത്തിലെ ഹേമാർക്കറ്റ് കലാപം എന്ന പേരിലാണ് ഈ തൊഴില്‍ പ്രക്ഷോഭം പിന്നീട് ചരിത്രത്തില്‍ ഇടം പിടിച്ചത്. പോലീസ് തൊഴിലാളികള്‍ക്ക് നേരെ നിറയൊഴിക്കുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 1893ല്‍ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെ അനുസ്മരിച്ചുകൊണ്ടുള്ള സ്മാരകം നിര്‍മിക്കപ്പെട്ടിട്ടുണ്ട്.  പിന്നീട് 1892 ല്‍ സ്വിറ്റ്‌സര്‍ലന്‍റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തിലാണ് മെയ് ഒന്ന്  അന്താരാഷ്ട്രാ തൊഴിലാളി ദിവസമായി അംഗീകരിക്കപ്പെട്ടത്.

അമേരിക്കയില്‍ പക്ഷെ തൊഴിലാളി ദിനത്തില്‍ മാറ്റമുണ്ട്.  1894 -ല്‍ പുൾമാൻ കമ്പനിയിലെ പിരിച്ച് വിടലിനെതിരെ പ്രതിഷേധിച്ച തൊഴിലാളികള്‍ റെയില്‍വേ പണിമുടക്ക് പ്രഖ്യാപിച്ചു. അന്ന് യുഎസിലെ 27 സംസ്ഥാനങ്ങളിലെ റെയില്‍വേ ഗതാഗതത്തെ ഇത് നിശ്ചലമാക്കി. കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ്  ഗ്രോവർ ക്ലീവ്‌ലാൻഡ് പുതിയൊരു നിയമത്തില്‍ ഒപ്പ് വച്ചു. ഈ നിയമപ്രകാരം മെയ് 1 എന്ന തൊഴിലാളി ദിനം അമേരിക്കന്‍ ഐക്യനാടുകളില്‍ സെപ്തംബർ ആദ്യ തിങ്കളാഴ്ചയിലേക്ക് മാറ്റപ്പെട്ടു.  പക്ഷെ ലോകമെങ്ങും മെയ് ഒന്ന് തന്നെയാണ് തൊഴിലാളി ദിനമായി ആചരിക്കുന്നത്.  ഇന്ത്യയില്‍ 1923 മെയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്. ലേബര്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനായിരുന്നു ഈ തീരുമാനം എടുത്തത്.

ഈ വര്‍ഷത്തെ മെയ് ദിനം തൊഴിലാളി വര്‍ഗത്തിന്റെ ഐക്യത്തിന്റെ ദിനമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. തൊഴിലാളികളെപ്പോലും മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന അനുഭവമാണ് ഇന്നുള്ളത്. അതിന്നെതിരെ ഒന്നിച്ച് നില്‍ക്കേണ്ടത് തൊഴിലാളികളാണ്. ഭരണാധികാരികള്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. നിന്റെ ജോലി ശാശ്വതമല്ല എന്നാണ് തൊഴിലാളികളോട് ഭരണവര്‍ഗം പറയുന്നത്. തൊഴിലാളികളെ സംബന്ധിച്ച് അസ്വസ്ഥത നിറഞ്ഞ കാലമാണിത്. രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും ശക്തമായ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഈ വര്‍ഷത്തെ മേയ് ദിനം ഉപയോഗിക്കാന്‍ കഴിയണം.

തൊഴിലാളിയ്ക്ക് ജാതിയും മതവും കാണും. പക്ഷെ പണിയെടുക്കുന്നതിന്റെ മനസ് ഒന്നാണ്. അധ്വാനിക്കുന്ന മനുഷ്യനെ ഭിന്നിപ്പിക്കുന്ന ചരിത്രമേ ഫാസിസ്റ്റുകള്‍ക്കുള്ളൂ. തൊഴിലാളികളെ ഭിന്നിപ്പിച്ച് ആനുകൂല്യങ്ങള്‍ മുതലാളി കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. ശ്രീകൃഷ്ണ കമ്മീഷന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഈ കാലം അപകടകരമായ കാലമാണ്. ഈ കാലത്തെ നേരിടാന്‍ നമുക്ക് യോജിപ്പ് മാത്രമേ മാര്‍ഗമുള്ളു.

പ്രക്ഷോഭം, യോജിച്ച കൂട്ടായ്മ, യോജിച്ച മെയ് ദിന ആഘോഷം ഇതായിരിക്കണം നമ്മുടെ ഏറ്റവും വലിയ മുദ്രാവാക്യം. പുതിയ തലമുറ മെയ് ദിനമുള്‍പ്പെടെയുള്ള ചരിത്രം പഠിക്കുന്നില്ല. അതിന്റെ പ്രശ്നം വരുന്നുണ്ട്. ചിക്കാഗോ തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരമൊന്നും പുതിയ തലമുറയ്ക്ക് വലിയ കാര്യമാകണമെന്നില്ല. തൊഴില്‍ സംസ്കാരത്തില്‍ ഇപ്പോള്‍ വന്ന മാറ്റം ബോധപൂര്‍വമാണ്.  ബാങ്കിംഗ് മേഖലയിലെ തകര്‍ച്ച അത്  നമ്മുടെ മുന്നിലുണ്ട്. ബാങ്ക് ജീവനക്കാര്‍ ഇപ്പോള്‍ മാര്‍ക്കറ്റിംഗ് കൂടി ചെയ്യേണ്ടി വരുന്നുണ്ട്.

ചൂഷണത്തിന്റെ പുതിയ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. ഇപ്പോഴും തൊഴിലാളി ചൂഷണം ചെയ്യപ്പെടുന്നു എന്നാണ് പുതിയ കാലത്തും കാണുന്നത്. ഇതുകൊണ്ട് തന്നെ മേയ് ദിന പ്രസക്തി കൂടുകയാണ്. ഇത്  തൊഴിലാളികള്‍ കൂടി മനസിലാക്കണം.  തൊഴില്‍ മഹത്വത്തെക്കുറിച്ച് തൊഴിലാളികളെ ബോധവത്ക്കരിക്കാനുള്ള  ഉത്തരവാദിത്തം തൊഴില്‍ സംഘടനകള്‍ക്കുണ്ട്. അത് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സംഘടനകള്‍ തയ്യാറാകും എന്നാണ് എന്റെ പ്രതീക്ഷ- പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു.