ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണ. രണ്ട് പിടിയാനകളും കുട്ടിയാനകളും ഉണ്ടായിരുന്നു. ചക്കക്കൊമ്പൻ അടങ്ങുന്ന സംഘം ചിന്നക്കനാലിനെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാലിലെ വലിയ ആശങ്ക ഒഴിഞ്ഞെന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. അതേസമയം, വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ. ഇന്നലെ വൈകിട്ട് അവസാനം കാണുമ്പോൾ മേദകാനം ഭാഗത്തുണ്ടായിരുന്നത്.
വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.