അരിക്കൊമ്പന്‍ ഒളിവില്‍ ; ദൗത്യം പ്രതിസന്ധിയില്‍

ഇടുക്കിയെ വിറപ്പിയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയില്‍. അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല എന്നതാണ് ദൗത്യ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അരിക്കൊമ്പനെ കണ്ടെത്താന്‍ ഇടുക്കി ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ സംഘം തിരച്ചില്‍ നടത്തുകയാണിപ്പോള്‍. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തില്‍ നിന്നും മാറി കാട്ടില്‍ ഉറങ്ങാന്‍ പോയി കാണുമെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്.

മുന്‍പും പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്പന്‍ കാട്ടിലേക്ക് മാറിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇനി കുറച്ച് സമയത്തിന് ശേഷമേ അരിക്കൊമ്പന്‍ പുറത്തിറങ്ങാറുള്ളൂ. വന മേഖലയില്‍ പല ഭാഗത്തായി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയാണ്. സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യത്തിനുളള വെല്ലുവിളി കൂടുകയാണ്. ഇതിനിടെ, 301 കോളനിക്ക് സമീപം ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം ഈ കൂട്ടത്തില്‍ അരിക്കൊമ്പനുണ്ടോ എന്നത് വ്യക്തമല്ല. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കുന്നതിനും റേഡിയോ കോളര്‍ ഘടിപ്പിക്കാനുമുള്‍പ്പെടെ താമസം ഉണ്ടാകും. കൂടാതെ ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാകും.