പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 23 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പള്ളിക്കൽ വാക്കയിൽ പ്ലാവിളയിൽ വിനോദിനെ(52)യാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ആണ് ശിക്ഷ വിധിച്ചത്.
വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പരിചയം മുതലാക്കി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുന്ന പക്ഷം ഇതിൽ 1.5 ലക്ഷം രൂപയും അതിജീവതയ്ക്കു നൽകാനും പിഴ അടയ്ക്കാതിരുന്നാൽ രണ്ടര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ചുവർഷം തടവുശിക്ഷ അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
അടൂർ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വിമൽ രംഗനാഥ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത ജോൺ കോടതിയിൽ ഹാജരായി.