പിഎസ്‌സി പരീക്ഷ കോപ്പിയടി: ആദ്യ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി ക്രൈംബ്രാഞ്ച്, പുതുക്കിയ കുറ്റപത്രം നൽകി

യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്‌സി പരീക്ഷ കോപ്പിയടിയിൽ പുതുക്കിയ കുറ്റപത്രം ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. എസ്എഫ്ഐ നേതാക്കൾ പ്രതികളായ കേസിലെ കുറ്റപത്രമാണ് പുതുക്കി നൽകിയത്. ആദ്യ കുറ്റപത്രത്തിൽ പിഴവുകൾ ഉണ്ടെന്ന ആരോപണം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റപത്രത്തിലെ പിഴവുകൾ ക്രൈംബ്രാഞ്ച് തിരുത്തിയത്. അതേസമയം, പുതുക്കിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കുറ്റപത്രത്തിൽ ഉണ്ടായിരുന്ന വിശ്വാസവഞ്ചന കുറ്റം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. വിദ്യാധരൻ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ കബളിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന, വിശ്വാസവഞ്ചന കുറ്റം എന്നിവയാണ് ചുമത്തിയിരുന്നത്. എന്നാൽ, വിശ്വാസവഞ്ചനയും കബളിപ്പിക്കലും ഒരുമിച്ച് നിലനിൽക്കാത്തതിനാൽ, കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന വിശ്വാസവഞ്ചന കുറ്റം ഒഴിവാക്കുകയായിരുന്നു. കുറ്റപത്രത്തിൽ 109 രേഖകളും, 39 തൊണ്ടിമുതലുകളും, 91 സാക്ഷികളുമാണ് ഉള്ളത്.