യുഡിഎഫിലെ പടലപ്പിണക്കങ്ങള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറാണ് മെമ്പര്‍ഷിപ്പ് നല്‍കി വരവേറ്റത്.
യുഡിഎഫില്‍ കാലുവാരുന്നതില്‍ മാത്രമാണ് ഐക്യം. പഞ്ചായത്തംഗം പോലും ആവാന്‍ കഴിയാത്തവര്‍ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുകയും തന്നെ കാലുവാരി തോല്‍പ്പിക്കുകയും ചെയ്തു. സുശക്തമായ കേന്ദ്രമുണ്ടെങ്കിലേ സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തമാകാന്‍ കഴിയൂ. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുശക്തമായ നേതൃത്വം വേണമെന്നും വിക്ടര്‍ ടി തോമസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു യുഡിഎഫിനെ ഞെട്ടിച്ച് വിക്ടര്‍ ടി. തോമസ് കേരളാ കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വെച്ചത്. ചില നേതാക്കളുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടി എന്നതിനാലാണ് തന്റെ രാജിയെന്നായിരുന്നു കാരണമായി പറഞ്ഞത്.
ജില്ലയിലെ യു.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജോണി നെല്ലൂർ രൂപീകരിച്ച എന്‍ പി പിയിലേക്ക് വിക്ടർ ടി തോമസ് പോയേക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. ആ ധാരണ മാറ്റിക്കുറിച്ചാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
20 വര്‍ഷമായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായ വിക്ടര്‍ കോഴഞ്ചേരി പഞ്ചായത്തില്‍ 10 വര്‍ഷം പ്രസിഡന്റായിരുന്നിട്ടുണ്ട്. തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും ജയിച്ചില്ല. രണ്ടു തവണയും യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ബിജെപിയിലേക്ക് കൂടുമാറ്റം ശക്തമായിക്കൊണ്ടിരിക്കുമ്പോഴാണ് വിക്ടര്‍ തോമസിന്റെ വരവ് കൂടി ഉണ്ടാകുന്നത്.