തൃശൂർ ചാലക്കുടിയിലെ അടിപ്പാത മെയ് മുപ്പതിനകം തുറന്ന് കൊടുക്കും

തൃശൂർ: തൃശൂർ ചാലക്കുടിയിലെ അടിപ്പാത മെയ് മുപ്പതിനകം തുറന്ന് കൊടുക്കും. ടിജെ സനീഷ്‌കുമാർ എംഎൽഎ, ജില്ലാ കലക്ടർ വിആർ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തികൾ വിലയിരുത്തി.

ആറ് മാസം മുമ്പാണ് ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിർമാണ കരാർ ഏറ്റെടുക്കുന്നത്. കരാർ കമ്പനി പ്രതിനിധികളായ പ്രൊജക്ട് കോ-ഓഡിനേഷൻ മാനേജർ അജീഷ് അകതിയൂർ, എജിഎം ജോസഫ് അജിത്ത്. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയർ അർജുൻ എന്നിവർ നിർമാണ പുരോഗതിയെ കുറിച്ച് വിവരിച്ചു.

മേയ് പകുതിയോടെ ടാറിംഗ് തുടങ്ങും. നിർമാണത്തിന്റെ ഭാഗമായി മണ്ണ് നിറയ്ക്കുന്ന പ്രവൃത്തിയും സംരക്ഷണഭിത്തി നിർമ്മാണവും പത്ത് ദിവസത്തിനകം പൂർത്തിയാകുമെന്നും കരാർ കമ്പനി അധികൃതർ ഉറപ്പ് നൽകി. രാത്രിയും പകലും രണ്ട് ഷിഫ്റ്റുകളിലായി എഴുപത്തിയഞ്ചോളം തൊഴിലാളികൾ നിർമ്മാണപ്രവൃത്തിയിൽ ഏർപ്പെടുന്നുണ്ട്.